ടോക്കിയോ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ രവി ബിഷ്ണോയിയുടെ പ്രകടനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ചീഫ് സെലക്ടർ കൃഷ്ണമാചാരി ശ്രീകാന്ത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിലും ബിഷ്ണോയിക്ക് പന്ത് തിരിക്കാൻ സാധിച്ചില്ലെന്നാണ് ശ്രീകാന്തിന്റെ വിമർശനം. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ശ്രീകാന്തിന്റെ പ്രതികരണം.
ഫൈനലിൽ മൂന്ന് ഓവർ പന്തെറിഞ്ഞ ബിഷ്ണോയി 44 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. ബിഷ്ണോയിയുടെ ഓവറുകളാണ് 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്നും ശ്രീകാന്ത് പറഞ്ഞു. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ പോലും ഒരു ഇഞ്ച് പന്ത് തിരിക്കാൻ കഴിയാത്തത് എങ്ങനെയുള്ള സ്പിന്നറാണ്.
ബിഷ്ണോയി പന്തെറിയുമ്പോൾ ശരീരം മാത്രമാണ് തിരിയുന്നത്. പന്ത് ഒരിഞ്ചുപോലും തിരിയുന്നില്ല എന്നായിരുന്നു ശ്രീകാന്തിന്റെ പരിഹാസം. ബിഷ്ണോയിക്ക് ലഭിക്കുന്ന അമിത ഹൈപ്പിനെയും ശ്രീകാന്ത് വിമർശിച്ചു. തുടർച്ചയായി ഹൈപ്പ് നൽകുമ്പോൾ ഏതൊരു താരത്തിനും പത്തോ പതിനഞ്ചോ ഇന്നിംഗ്സുകളിൽ ഒന്നിൽ മികച്ച പ്രകടനം നടത്താനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.